Movies
ടോക്സിക് ചിത്രത്തിന്റെ ടീസറിന് നേരെയുള്ള വിമർശനങ്ങളിൽ സംവിധായിക ഗീതു മോഹൻദാസിന് പിന്തുണയുമായി നടി റിമ കല്ലിങ്കൽ.
സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു കുറിപ്പ് ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവച്ചുകൊണ്ടാണ് റിമ തന്റെ നിലപാട് വ്യക്തമാക്കിയത്. ടീസറിലെ ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ദൃശ്യത്തെ അശ്ലീലം എന്ന് വിളിച്ചു അധിക്ഷേപിക്കുന്നവർക്കുള്ള മറുപടിയായിരുന്നു ആ കുറിപ്പ്. ദിവ്യപ്രഭയും ഇതേ കുറിപ്പ് പങ്കുവച്ച് ഗീതുവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
ആനന്ദം, സദാചാര പ്രതിസന്ധി, പിന്നെ സ്ത്രീകളും...എന്ന തലക്കെട്ടോടെ ഒരു സിനിമാ പേജിൽ വന്ന കുറിപ്പാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.
കുറിപ്പിന്റെ പൂർണരൂപം
ഡീയസ് ഈറെ പുറത്തിറങ്ങിയതിന് ശേഷം, ട്രോൾ പേജുകളും സിനിമാ ഗ്രൂപ്പുകളും ഉൾപ്പെടെ എത്രത്തോളം ആളുകളാണ് അതുല്യ ചന്ദ്രയെ വെറുമൊരു സെഡക്റ്റീവ് ഒബ്ജക്റ്റ് (ഭോഗവസ്തു) ആയി തരംതാഴ്ത്തിയത് എന്ന് കാണുന്നത് ഏറെ വിഷമകരമായിരുന്നു.
ആ ലേബലുകൾ ഞെട്ടിപ്പിച്ചത് അവയുടെ ബോൾഡ്നെസ്സ് കൊണ്ടല്ല, മറിച്ച് നമ്മുടെ മനോഭാവത്തെ അവ അത്രത്തോളം തുറന്നുകാട്ടുന്നു എന്നതുകൊണ്ടാണ്. ഇതിലെ ഏറ്റവും വലിയ തമാശ എന്തെന്നാൽ, ഈ ചർച്ചകളിലെല്ലാം പ്രണവ് മോഹൻലാൽ എന്ന നടൻ പൂർണമായും അദൃശ്യനായിരുന്നു എന്നതാണ്.
ആ ഇന്റിമേറ്റ് സീൻ അതുല്യ തനിച്ച് ചെയ്തതാണെന്ന മട്ടിലായിരുന്നു കാര്യങ്ങൾ. ഡീയസ് ഈറെയായിരുന്നു മലയാളിക്ക് തങ്ങളുടെ സദാചാര പോലീസ് ബാഡ്ജുകൾ വീണ്ടും പുറത്തെടുക്കാൻ പ്രചോദനം ആയത്. ഓൾ വി ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രത്തിലെ ദിവ്യപ്രഭയുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്.
ലൈംഗികത എന്നതിനെ നാം എന്തുകൊണ്ടാണ് സഹജമായി സ്ത്രീയുമായി മാത്രം ബന്ധിപ്പിക്കുന്നത് എന്ന് ഇത് ചിന്തിപ്പിക്കുന്നു; ലൈംഗികതയുടെ മുഴുവൻ സദാചാര ഭാരവും സ്ത്രീ മാത്രം ചുമക്കേണ്ട ഒന്നാണോ?
ലൈംഗികതയെക്കുറിച്ചാണെങ്കിൽ ഉടനെ നമ്മുടെ നോട്ടം സ്ത്രീയിലേക്ക് മാത്രമായി ചുരുങ്ങുന്നു. ഇപ്പോൾ, ടോക്സിക് ടീസറിലെ ഉഭയസമ്മതപ്രകാരമുള്ള വികാരാധീനമായ ഒരു ലൈംഗിക രംഗത്തെ പോലും അശ്ലീലമെന്നും വൃത്തികെട്ടതെന്നും വിശേഷിപ്പിക്കുന്നത് കാണാം. പരസ്പര താൽപ്പര്യത്തിൽ അധിഷ്ഠിതമായ ഒന്ന് എങ്ങനെയാണ് വൃത്തികെട്ടത് വആകുന്നത്?
ഒരു സ്ത്രീയെ ലൈംഗിക നിമിഷങ്ങളിൽ കാണിക്കുന്നത് ഉടൻ തന്നെ വസ്തുവൽക്കരണമായും, അശ്ലീലമായും, അവളുടെ അന്തസ്സിന് നേരെയുള്ള ഭീഷണിയായും മുദ്രകുത്തപ്പെടുന്നു. ലൈംഗികത എന്നത് സ്ത്രീകൾക്ക് എതിരായ ഒന്നാണെന്ന മട്ടിലാണ് കാര്യങ്ങൾ. കൂടുതൽ പുരോഗമനവാദികളെന്ന് നാം കരുതിയ യുവതലമുറ പോലും ലൈംഗികതയെ അധാർമ്മികമായും സ്ത്രീകൾക്ക് ദോഷകരമായും ഇപ്പോഴും കാണുന്നു.
ഒരു സ്ത്രീ ലൈംഗികത ആസ്വദിക്കുന്നതോ, അവളുടെ ഭാവങ്ങളോ ശബ്ദങ്ങളോ ഒക്കെ ഇവിടെ ഇപ്പോഴും അഴുക്കായാണ് കാണപ്പെടുന്നത്. നമുക്ക് മായാനദിയും '4 ഇയേഴ്സും' ഒക്കെ ഉണ്ടായിരുന്നു, ആരും അവയെ സ്ത്രീവിരുദ്ധമെന്നോ അധാർമികമെന്നോ ഫെമിനിസത്തിന് നേരെയുള്ള ആക്രമണമെന്നോ വിളിച്ചില്ല.
കാഴ്ചക്കാരന് കുറഞ്ഞത് ഒരു പക്വതയെങ്കിലും ഉണ്ടെങ്കിൽ, ഇതിലെ ചർച്ച നഗ്നതയെക്കുറിച്ചോ ലൈംഗികതയെക്കുറിച്ചോ അല്ല, മറിച്ച് നാം അത് കാണാൻ ഉപയോഗിക്കുന്ന കാഴ്ചപ്പാടിനെകുറിച്ചാണെന്ന് തിരിച്ചറിയും.
അതിനാൽ, ഏതാണ് അടിച്ചേൽപ്പിച്ചത് എന്നും ഏതാണ് സ്വാഭാവികം എന്നും ആ നോട്ടത്തിലെ വ്യത്യാസം തിരിച്ചറിയാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ, പ്രശ്നം നിങ്ങളുടെ സദാചാരബോധത്തിനാണ്. ഈ വ്യത്യാസം മനസിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ, കേരളം എന്നും അതിന്റെ ഈ സദാചാര കുമിളയ്ക്കുള്ളിൽ തന്നെ തുടരും. എന്നും ലൈംഗികത കണ്ട് ഞെട്ടുകയും സ്ത്രീകളെ മാത്രം വിചാരണ ചെയ്യുകയും യഥാർത്ഥ വസ്തുത കാണാതെ പോവുകയും ചെയ്യും.’’
ആഷിക്ക് അബു, ദിവ്യപ്രഭ, അതുല്യ ചന്ദ്ര തുടങ്ങി നിരവധി പേർ പോസ്റ്റ് ലൈക് ചെയ്തിട്ടുണ്ട്.
Movies
യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ടോക്സിക്ക് ടീസർ സോഷ്യൽ മീഡിയ ഒന്നാകെ കത്തിപ്പടരുകയാണ്. ചിത്രത്തിന്റെ ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചൂടൻ രംഗങ്ങൾ തന്നെയാണ് അതിൽ പ്രധാനം. ഇപ്പോഴിതാ ആ ഹോട്ട് സീനിൽ അഭിനയിച്ചിരിക്കുന്ന നടി ആരാണെന്ന് അറിയാനുള്ള കൗതുകത്തിലാണ് നവമാധ്യമലോകം.
യുക്രെയിൻ-അമേരിക്കൻ നടിയായ നതാലി ബേൺ ആണ് യഷിനൊപ്പമുള്ള ഈ നടി. മോഡലും തിരക്കഥാകൃത്തും നിർമാതാവുമാണ് നതാലി ബേൺ. നടി തന്നെ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ടോക്സിക്കിന്റെ ടീസറും സ്റ്റോറികളും പങ്കുവച്ചിട്ടുണ്ട്.
Movies
സിനിമ എന്നത് പലപ്പോഴും പുരുഷാധിപത്യത്തിന്റെ കരുത്ത് വിളിച്ചോതുന്ന ഇടമായിരുന്നു, പ്രത്യേകിച്ച് മാസ് ആക്ഷന്‍ സിനിമകള്‍. എന്നാല്‍ ആ കീഴ്വഴക്കങ്ങളെയും സങ്കല്‍പ്പങ്ങളെയും ഒറ്റ ടീസര്‍ കൊണ്ട് തകര്‍ത്തെറിഞ്ഞിരിക്കുകയാണ് ഗീതു മോഹന്‍ദാസ്.
കന്നഡ താരം യാഷിന്റെ നാല്പതാം ജന്മദിനത്തില് പുറത്തുവന്ന ടോക്സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രൗണ് അപ്സ്- എന്ന ചിത്രത്തിന്റെ ടീസര്‍ സിനിമയുടെ പ്രൊമോ എന്നതിലുപരി ഒരു സംവിധായികയുടെ കരുത്തിന്റെ പ്രഖ്യാപനമായി മാറുകയാണ്.
വര്‍മയെ അമ്പരപ്പിച്ച ഗീതു
ഇന്ത്യന്‍ സിനിമയിലെ പ്രഗത്ഭരായ പുരുഷ സംവിധായകര്‍ പോലും പരീക്ഷിക്കാന്‍ മടിക്കുന്ന ദൃശ്യഭാഷയാണ് ഗീതു ടോക്സിക്കില്‍ പരീക്ഷിച്ചിരിക്കുന്നത്. ബോളിവുഡ് സംവിധായകന് റാം ഗോപാല്‍ വര്‍മയുടെ പ്രതികരണം തന്നെ ഇതിന് വലിയ തെളിവ്.
ഇത്രയും ചങ്കൂറ്റം ഒരു പുരുഷ സംവിധായകൻ പോലും കാണിച്ചിട്ടില്ലെന്നും ഈ സിനിമ ഗീതു മോഹൻദാസ് സംവിധാനം ചെയ്തതാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും രാം ഗോപാൽ വർമ കുറിച്ചു.
രാം ഗോപാൽ വർമയുടെ വാക്കുകൾ
‘‘യാഷ് അഭിനയിക്കുന്ന ടോക്സിക്കിന്റെ ട്രെയിലർ കണ്ടതിന് ശേഷം എനിക്ക് ഒരു സംശയവുമില്ല, ഗീതു മോഹൻദാസ് ആണ് സ്ത്രീ ശാക്തീകരണത്തിന്റെ ഏറ്റവും വലിയ പ്രതീകം.
ഈ സ്ത്രീയുടെ അത്രയും ചങ്കൂറ്റമുള്ള ഒരു പുരുഷ സംവിധായകൻ പോലുമില്ല. ഇത് ചിത്രീകരിച്ചത് അവരാണെന്ന് എനിക്കിപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല.’’ രാം ഗോപാൽ വർമയുടെ പ്രശംസ ഇങ്ങനെ.
Movies
വിവാദങ്ങൾ വിട്ടൊഴിയാതെ ഗീതു മോഹൻദാസ് ചിത്രം ടോക്സിക്. നടിയും സംവിധായകയുമായ ഗീതു മോഹൻദാസ്, സൂപ്പർതാരങ്ങളായ യാഷിനെയും നയൻതാരയെയും കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന ചിത്രം, ടോക്സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍-അപ്സ് ആണ് തുടക്കംമുതൽ വിവാദങ്ങളിൽ അകപ്പെടുന്നത്.
കഴിഞ്ഞ ദിവസം സിനിമയുടെ ഷൂട്ടിംഗ് ദൃശ്യങ്ങൾ ചോർന്നതാണു പുതിയ സംഭവം. ദൃശ്യങ്ങൾ സമൂഹമാധ്യങ്ങളിൽ വൈറലായി. ദൃശ്യങ്ങളും കഥാപാത്രങ്ങളുടെ ലുക്കും കണ്ട പ്രേക്ഷകർ അന്താരാഷ്ട്ര യുകെ സീരീസ് ആയ "പീക്കി ബ്ലൈൻഡേഴ്സു'മായി ചിത്രത്തിനു സാമ്യമുണ്ടെന്നാണു പറയുന്നത്.
അനുരാഗ് കശ്യപിന്റെ ബോംബെ വെൽവെറ്റ് എന്ന ചിത്രവുമായും ചിലർ താരതമ്യം ചെയ്യുന്നു. അതേസമയം, ബോംബെ വെൽവെറ്റിനു സംഭവിച്ച പരാജയം ടോക്സിക്കിനും സംഭവിക്കുമോ എന്നാണ് ചിലർ ചോദിക്കുന്നത്.
നയന്‍സിന്റെയും യാഷിന്റെയും ബിടിഎസ് ചിത്രീകരണ വീഡിയോ ആണ് ചോർന്നത്. വീഡിയോയില്‍, നയന്‍താര ഒരു പുരുഷന്റെ അടുത്തേക്കു നടന്നുവന്നു ദൃഢമായി ഹസ്തദാനം ചെയ്യുന്നു.
യാഷ് അയാളെ പിന്തുടരുകയും അതുപോലെ ചെയ്യുകയും ചെയ്യുന്നു. കറുത്ത ഗൗണില്‍ നയന്‍താര അതിമനോഹരിയായി കാണപ്പെടുന്നു. അതേസമയം, യാഷ് വെളുത്ത വസ്ത്രത്തിലാണ്. പശ്ചാത്തലത്തില്‍ എലിസബത്ത് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹുമ ഖുറേഷിയുടെ സാന്നിധ്യവുമുണ്ട്.
ടോക്സിക്കിന്റെ അണിയറക്കാർ ഡിസംബര്‍ മുതല്‍ ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്ന, ആരാധകരെ ത്രില്ലടിപ്പിക്കുന്ന പോസ്റ്ററുകള്‍ പുറത്തിറക്കുകയാണ്. രക്തം പുരണ്ട ബാത്ത് ടബ്ബില്‍ പരുക്കന്‍ ലുക്കില്‍ നില്ക്കുന്ന യാഷ്, ആരാധകരില്‍ ആവേശം നിറച്ചു.
ഗംഗ എന്ന കഥാപാത്രമായുള്ള അവതാരത്തില്‍ നയന്‍താര; ഒരു വലിയ കാസിനോയുടെ പ്രവേശനകവാടത്തില്‍ തോക്കുമായി നില്ക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആരാധകരില്‍ ഏറ്റെടുത്തു. ഇതുവരെ കാണാത്ത ലുക്കിലാണ് നയന്‍താര ചിത്രത്തില്‍.
കെജിഎഫ്: 2ന് ശേഷം യാഷിന്റെ ബിഗ് സ്ക്രീനിലേക്കുള്ള തിരിച്ചുവരവാണ് ടോക്സിക്. വളരെക്കാലമായി വാര്‍ത്തകളില്‍ നിറഞ്ഞുനില്ക്കുന്ന ഈ പ്രോജക്ട് കന്നഡയിലും ഇംഗ്ലീഷിലും നിര്‍മിക്കുന്നു. മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളില്‍ ഡബ്ബ് ചെയ്ത പതിപ്പുകള്‍ റിലീസ് ചെയ്യുമെന്നാണ് അണിയറക്കാര്‍ പുറത്തുവിടുന്ന വിവരം.